ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്ന് ഒഴിപ്പിക്കാന്‍ ബാക്കിയുള്ള ഇന്ത്യാക്കാരുടെ എണ്ണം കൃത്യമായി അറിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഒട്ടുമിക്ക ഇന്ത്യാക്കാരേയും രക്ഷപ്പെടുത്തിയതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാനില്‍ ബാക്കിയുള്ള ഇന്ത്യാക്കാരെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഒട്ടുമിക്ക ഇന്ത്യാക്കാരേയും തിരിച്ചെത്തിച്ചു. ചിലര്‍ ഇപ്പോഴും അഫ്ഗാനില്‍ തുടരുകയാണ്. അവരുടെ കൃത്യമായ കണക്കുകളില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അഫ്ഗാനില്‍ നിന്ന് 550 പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍. ഇതില്‍ 260 പേര്‍ ഇന്ത്യന്‍ പൗരന്മാരും ബാക്കിയുള്ളവര്‍ അഫ്ഗാനികളും മറ്റ് രാജ്യക്കാരുമാണ്. 

ഏറ്റവും ഒടുവില്‍ അഫ്ഗാനില്‍ നിന്നെത്തിയ വിമാനത്തില്‍ 40 പേരാണുണ്ടായിരുന്നത്. വിമാനത്താവളത്തിലെത്താന്‍ അഫ്ഗാനികള്‍ക്ക് വിവിധതരം പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ഥികള്‍ക്കായി ആറ് മാസത്തെ എമര്‍ജന്‍സി വിസ അനുവദിക്കും. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി യുഎസ്, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.