ഉഡുപ്പിയിലെ പ്രി യൂണിവേഴ്‌സിറ്റി കോളേജിലുള്ള വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥിനികൾ കൈകോർത്തിപിടിച്ചുകൊണ്ട് നടന്നുപോകുന്നു |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ ഉഡുപ്പിയിലെ പ്രി യൂണിവേഴ്‌സിറ്റി കോളേജിലുള്ള വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ കൈകോര്‍ത്തിപിടിച്ചുകൊണ്ട് നടന്നുപോകുന്നതിന്റെ ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രത്തില്‍ വന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. 'നമ്മള്‍ ഒന്നിച്ച് നില്‍ക്കും, എന്റെ ഇന്ത്യ' എന്ന് രാഹുല്‍ ഈ ചിത്രത്തിന് അടിക്കുറിപ്പായി ട്വീറ്റ് ചെയ്തു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്‌നത്തിലാക്കി രാജ്യം അവരുടെ ഭാവി കവര്‍ന്നെടുക്കകയാണെന്ന് ഹിജാബ് വിവാദത്തില്‍ രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.
ഇതിനിടെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വാദം തുടരുകയാണ്. വാദം കേള്‍ക്കലിന്റെ അഞ്ചാംദിനമായ ഇന്ന് ഒരു മണിക്കൂറോളം മാത്രമേ വാദം നടന്നുള്ളൂ. കേസ് നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും കേള്‍ക്കും.
എജി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വാദം നേരത്തെ അവസാനിപ്പിച്ചത്. വാദത്തിനിടെ ഒരു അഭിഭാഷകന്‍ മധ്യസ്ഥതയ്ക്ക് ശ്രമം നടത്തണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഭരണഘടനാ പരമായ വിഷയങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ എങ്ങനെ മധ്യസ്ഥത നടത്താനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
പരസ്പരം സമ്മതമുള്ള കക്ഷികള്‍ക്കിടയിലാണ് മധ്യസ്ഥത നടത്താനാവുക. നിങ്ങള്‍ ഹര്‍ജിക്കാരിലേക്കും പ്രതികളിലേക്കും പോകുക. അവര്‍ സമ്മതിക്കുകയാണെങ്കില്‍, ഞങ്ങള്‍ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..