ചെന്നൈ: പാര്‍ട്ടിക്കു വേണ്ടി ഒന്നിക്കാന്‍ അണ്ണാ ഡി.എം.കെ. എം.എല്‍.എമാരോട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ ആഹ്വാനം. ശശികലയ്ക്ക് എതിരായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.

നമ്മുടെ എതിരാളികള്‍ പാര്‍ട്ടി പിളരാനായി കാത്തിരിക്കുകയാണ്. അതിനനുവദിക്കരുത്. അതുസംഭവിച്ചാല്‍ എം.ജി.ആറിന്റെയും അമ്മയുടെയും ആത്മാക്കള്‍ നമ്മോട് പൊറുക്കില്ല -പനീര്‍ശെല്‍വം പറഞ്ഞു. എതിര്‍പ്പുകള്‍ മറന്ന് എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read | ശശികലയ്ക്ക് നാലു വര്‍ഷം തടവ്, മുഖ്യമന്ത്രിയാകാനാവില്ല

സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കണമെന്നും പനീര്‍ശെല്‍വം എ.ഐ.എ.ഡി.എം.കെ. എം.എല്‍.എമാരോട് പറഞ്ഞു. അമ്മയുടെ അസാന്നിധ്യത്തില്‍ അവരുടെ ചുമതലകള്‍ വഹിച്ചിരുന്നത് ആരാണെന്ന് ഓര്‍ക്കണമെന്നും കാവല്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിക്കുമെന്നും പനീര്‍ശെല്‍വം അറിയിച്ചു. ജയലളിതയുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്, അത് തുടരും -പനീര്‍ശെല്‍വം വ്യക്തമാക്കി.

Read | എളുപ്പമാവില്ല, ഒ.പി.എസിന് മുന്നോട്ടുള്ള യാത്ര

അതിനിടെ, പനീര്‍ശെല്‍വം ഉള്‍പ്പെടെ 19 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ശശികലപക്ഷം പറയുന്നു. എടപ്പാളി പളനിസ്വാമിയെ പുതിയ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വിധി വന്ന ശേഷം കൂടുതല്‍ എം.എല്‍.എമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് മാറി. മേട്ടുപ്പാളയം എം.എല്‍.എ. ഒ.കെ. ചിന്നരാജനും മൈലാപ്പൂര്‍ എം.എല്‍.എ. നടരാജനുമാണ് പനീര്‍ശെല്‍വത്തെ പിന്തുണച്ചിരിക്കുന്നത്. കൂടുതല്‍ എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍.

Read | ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്‌നാട് രക്ഷപ്പെട്ടു: പനീര്‍ശെല്‍വം