ന്യൂഡല്‍ഹി:  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേക്ക് തിരിച്ചു. 18,19 തിയ്യതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും.

സുഡാന്‍ എസ്.സി.എസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ ഫത്താ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക് എന്നിവരുമായി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തും. സുഡാന്‍ വിദേശകാര്യമന്ത്രി ഡോ.മറിയം അല്‍ സാദിഖ് അല്‍ മഹ്ദിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.  സുഡാനിലെ ഇന്ത്യന്‍ സമൂഹവുമായും  മന്ത്രി സംവദിക്കും.

ദക്ഷിണ സുഡാനിലെത്തുന്ന വി.മുരളീധരന്‍, പ്രസിഡന്റ് ജനറല്‍ സല്‍വാ കിര്‍ മയാര്‍ദിത്ത്, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി മായിക്ക് ആയി ദെന്‍, ട്രാന്‍സിഷണല്‍ നാഷണല്‍ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കര്‍  ജെമ്മ നുനുകുംമ്പാ  എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും  കൂടികാഴ്ച നടത്തും. ജുബയിലെ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍  സംരംഭകരുമായും മന്ത്രി  സംവദിക്കും.    ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ജുബയിലെ ഐക്യരാഷ്ട്ര സഭയുടെ മിഷന്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും.