വി. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
ചെന്നൈ: ക്രിമിനല്‍ സംഘങ്ങളുടേയും മാഫിയകളുടേയും പിന്തുണയില്ലാതെ സിപിഎമ്മിന് നിലനില്ക്കാന് കഴിയില്ല എന്ന് വ്യക്തമാകുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. ഡി.വൈ.എഫ്.ഐ നേതാക്കളിലേക്കാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണം എത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ വരുമ്പോള്‍ സിപിഎം ഇരവാദം ഉന്നയിക്കുന്നുവെന്നും മുരളീധരന് പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലൂടെ ക്വട്ടേഷന്‍ സംഘങ്ങള്‍ സിപിഎം നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്നു എന്നതാണ് വ്യക്തമാക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളുടെ കൈവശം ഇതുപോലെ നിരവധി ശബ്ദരേഖകള്‍ ഉണ്ടെന്നതാണ് മനസ്സിലാക്കുന്നത്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം ചെന്നെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണെങ്കില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഡിവൈഎഫ്ഐയുടെ ഓഫീസിലാണ് എന്നതാണ് ആകെയുള്ള വ്യത്യാസം.
സിപിഎമ്മും അതിന്റെ പോഷക സംഘടനകളുമാണ് കേരളത്തില്‍ നടക്കുന്ന മുഴുവന്‍ സ്വര്‍ണക്കടത്തിനും സംരക്ഷണം കൊടുക്കുന്നവര്‍. അവരാണ് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാകുകയാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നാളെ ഇതിന്റെ പിന്നാലെ അന്വേഷണവുമായി എത്തുമ്പോള്‍ ഞങ്ങളെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് ഇരവാദം ഉന്നയിക്കുന്നതാണ് സിപിഎമ്മിന്റെ സമീപനം. സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ഈ ശബ്ദരേഖയിലൂടെ ജനങ്ങള്‍ക്ക് വ്യക്തമാകുകയാണെന്നും മുരളീധരന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..