ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാര്‍  യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബറേലിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് കത്തില്‍ അദ്ദേഹം പരാതിപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

" ആളുകള്‍ മുന്‍കരുതല്‍ നടപടിയെന്നോണം വീടുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ബറേലിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. അത്തരം ആളുകളെ തിരിച്ചറിയണം. ഇവര്‍ ഉയര്‍ന്ന വിലക്ക് സിലണ്ടറുകള്‍ വില്‍ക്കുകയാണ് " - അദ്ദേഹം കത്തില്‍ പറഞ്ഞു. 

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ 50 ശതമാനം ഇളവ് നല്‍കുന്നത് പോലെ ബറേലിയിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

ആശുപത്രികളില്‍ ഉപയോഗിക്കുന്ന ബൈപാപ്പ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്നെന്നും കത്തില്‍ കേന്ദ്രമന്ത്രി പരാമര്‍ശിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രിക്കണമെന്നും എംഎസ്എംഇ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് കിഴിവ് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Content Highlights: Union Minister Santosh Gangwar writes to CM Yogi Adityanath, highlights Covid mismanagement in Uttar Pradesh