ന്യൂഡൽഹി: ലഖിംപുരിൽ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനിയുടെ ലക്ഷണത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തുടർ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആശിഷ് മിശ്രയെ മാറ്റി.

സമരംചെയ്യുകയായിരുന്ന കർഷകർക്കുനേരെ വാഹനമോടിച്ചുകയറ്റിയ സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കസ്റ്റഡി കാലാവധി തീർന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസത്തേക്ക് രണ്ടാം തവണയും ഇയാളെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

നേരത്തെ, ആശിഷ് മിശ്രയുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മന്ത്രിയുടെ മകനായതിനാൽ പ്രതിക്ക് വി.ഐ.പി. പരിഗണന ലഭിക്കുന്നതായും പ്രതിപക്ഷ പാർട്ടികൾ ആക്ഷേപമുയർത്തി. സുപ്രീംകോടതിയും പ്രശ്നത്തിൽ ഇടപെട്ടു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഇയാൾ കീഴടങ്ങിയത്.

Content Highlights: Union minister’s son Ashish Mishra contracts dengue