ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടുകള്‍ക്കെതിരേ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പാകിസ്താന്‍ യു.എന്നിന് നല്‍കിയ കത്തില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. 

രാഹുല്‍ രാജ്യത്തെ അപമാനിച്ചെന്നും, യു.എന്നില്‍ ഇന്ത്യയെ ലക്ഷ്യംവെയ്ക്കാന്‍ പാകിസ്താന് അവസരം നല്‍കിയെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. കശ്മീരിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവന വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ പൊതുവികാരം എതിരായതോടെ അദ്ദേഹം ആ പ്രസ്താവനയില്‍നിന്ന് യു-ടേണ്‍ അടിച്ചു. രാഹുലിന്റെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദിത്വപരമായ രാഷ്ട്രീയമാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍നിന്ന് ജയിച്ചപ്പോള്‍ രാഹുലിന്റെ മാനസികാവസ്ഥയില്‍ മാറ്റംവന്നോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. 

അതേസമയം, ഇന്ത്യയുടെ ഐക്യത്തിനുവേണ്ടിയെടുത്ത നിലപാടിനെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കശ്മീര്‍ വിഷയത്തില്‍ പാക്‌സിതാന്‍ യു.എന്നില്‍ നല്‍കിയ കത്തില്‍ തന്റെ പേര് പരാമര്‍ശിച്ചതിനെതിരെ രാഹുല്‍ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തിലടക്കം സര്‍ക്കാരിനോട് പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Content Highlights: remarks over kashmir; union minister prakash javadekar alleges rahul gandhi and congress made such statements due to their vote bank politics