കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ | Photo: Twitter.com|ANI
ന്യൂഡൽഹി: പഞ്ചാബിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാഹുൽ ഗാന്ധി രാഷ്ട്രീയ ടൂറുകൾ അവസാനിപ്പിച്ച് പഞ്ചാബ് സന്ദർശിക്കണമെന്നും അവിടെ സ്ത്രീകൾക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ശ്രദ്ധചെലുത്തണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ഹാഥ്റസ് ബലാത്സംഗക്കൊലയിൽ ബി.ജെ.പിയെ കോൺഗ്രസ് പ്രതിരോധത്തിലാക്കിയതിന് തിരിച്ചടിയായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ബിഹാർ സ്വദേശിയായ ആറ് വയസ്സുകാരി പഞ്ചാബിലെ ടാണ്ട ഗ്രാമത്തിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ ടൂറുകൾ നടത്തുന്നതിന് പകരം രാഹുൽ ഗാന്ധി ടാണ്ടയും രാജസ്ഥാനുമെല്ലാം സന്ദർശിക്കണമെന്നും പഞ്ചാബിലെ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഇതുവരെ ടാണ്ടയിലെ കുടുംബത്തെ സന്ദർശിച്ചിട്ടില്ല. തങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അനീതികൾ അവർ ശ്രദ്ധിക്കുന്നില്ല. പക്ഷേ, ഹാഥ്റസിലും മറ്റു സ്ഥലങ്ങളിലും പോയി ഇരയുടെ കുടുംബത്തിനൊപ്പം അവർ ഫോട്ടോയെടുക്കും- മന്ത്രി പറഞ്ഞു.
ബിഹാറിൽ കോൺഗ്രസിനൊപ്പം മത്സരിക്കുന്ന ആർ.ജെ.ഡിയെയും തേജസ്വി യാദവിനെയും മന്ത്രി വിമർശിച്ചു. കഴിഞ്ഞദിവസം രാഹുൽഗാന്ധിക്കൊപ്പം വേദി പങ്കിട്ട തേജസ്വി യാദവിനെതിരേയായിരുന്നു മന്ത്രിയുടെ പരാമർശം. ബിഹാറിലെ ഒരു പെൺകുട്ടിയോട് അതിക്രമം കാണിച്ചവരുമായാണ് തേജസ്വി യാദവ് വേദി പങ്കിടുന്നതെന്നും ജനങ്ങൾ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുകയെന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.
Content Highlights:union minister prakash javadekar against congress and gandhi family on punjab rape murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..