ന്യൂഡല്‍ഹി: രാജ്യസഭയിലെ ഭരണകക്ഷിയുടെ പുതിയ നേതാവായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നിയമിച്ചു. മുന്‍പ് കക്ഷി നേതാവായിരുന്ന തവാര്‍ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റ പശ്ചാത്തലത്തിലാണ് ഗോയലിനെ നിയമിച്ചത്. നേരത്തെ റെയില്‍വേ മന്ത്രിയായിരുന്ന ഗോയല്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം വ്യവസായം, വാണിജ്യം ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

ഭുപേന്ദ്ര യാദവ്, നിര്‍മ്മല സീതാരാമന്‍ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു. ജൂലായ് 19-ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഗോയലിന്റെ നിയമനം. ഓഗസ്റ്റ് 13 വരെയാണ് സഭാ സമ്മേളനം.

സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് ജൂലായ് 18-ന് സര്‍വകക്ഷിയോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഈ യോഗത്തിലേക്ക് വിവിധ രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കത്തയച്ചു. 

സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പിയുടെ നയം ചര്‍ച്ച ചെയ്യുന്നതിനായി അമിത് ഷാ, ജെ.പി. നഡ്ഡ, രാജ്‌നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്‍, ഭുപേന്ദര്‍ യാദവ്, മുക്താര്‍ അബ്ബാസ് നഖ്‌വി, വി. മുരളീധരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധന വില, വാക്‌സിന്‍ ലഭ്യതക്കുറവ്, കോവിഡ് മഹാമാരിയെ നേരിടുന്നതിലെ കേന്ദ്രസര്‍ക്കാറിന്റെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ സജീവമായി ഉയര്‍ത്തിക്കൊണ്ട് വരാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

Content Highlights: union minister Piyush Goyal appointed as new leader of house in Rajya Sabha