ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കണമെന്ന പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വ്യാഴാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതിനിടെ, ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു മര്‍മ്മയുടെ പ്രസ്താവന. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

Content Highlights: Union Minister and BJP MP gets poll body notice