ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണത്തില്‍ ആള്‍നാശം ലക്ഷ്യമായിരുന്നില്ലെന്ന കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യോമാക്രമണത്തില്‍ വലിയതോതിലുള്ള ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഞങ്ങള്‍ക്ക് അതിന് കഴിയുമെന്ന സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറയുന്ന വീഡിയോദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും  ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അലുവാലിയയുടെ വീഡിയോ ട്വീറ്റ് ചെയ്തതോടെ ബാലക്കോട്ട് വ്യോമാക്രമണം സംബന്ധിച്ചുള്ള വിവാദത്തിന് ചൂടുപിടിച്ചു. 

ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം മോദി പ്രസംഗിച്ചിരുന്നു. എന്നാല്‍ 300 പേര്‍ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നോ? ഏതെങ്കിലും ബി.ജെ.പി. വക്താവോ അമിത് ഷായോ അങ്ങനെ പറഞ്ഞോ? വലിയതോതിലുള്ള ആള്‍നാശമുണ്ടായില്ല എന്നതാണ് അതിനുകാരണം. വലിയതോതിലുള്ള ആള്‍നാശമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശം നല്‍കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആള്‍നാശമുണ്ടാക്കുകയെന്നത് ഞങ്ങളുടെ ലക്ഷ്യമല്ല- അലുവാലിയ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസും സി.പി.എമ്മും വ്യോമാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ഒരു ഭീകരവാദിയും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അലുവാലിയ  പറഞ്ഞതെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഓം പ്രകാശ് മിശ്ര ആരോപിച്ചു. 

Content Highlights: union minister ahluwalia speaks about air strike and controversy in social media