-
ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്കെതിരെ രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുന്നതിനും ജനങ്ങളില്‍ ആത്മവീര്യം ഉയര്‍ത്തുന്നതിനും വേണ്ടിയാണ് തന്റെ വെര്‍ച്വല്‍ റാലിയെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ബിഹാര്‍ ജന്‍സംവാദ് റാലിയെ അഭിസംബോധന ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു തിരഞ്ഞെടുപ്പ് റാലിയല്ലെന്നും കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നതിന് വേണ്ടിയുള്ള റാലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ പോരാളികളെ സല്യൂട്ട് ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായും അമിത് ഷാ പറഞ്ഞു. 'സ്വന്തം ജീവന്‍ അപകടത്തില്‍പ്പെടുത്തി വൈറസിനെതിരെ പോരാടുന്ന കോടികള്‍ വരുന്ന കൊറോണ പോരാളികളെ സല്യൂട്ട് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റുള്ളവര്‍ അവരുടെയെല്ലാം പങ്ക് ഞാന്‍ അംഗീകരിക്കുന്നു.'
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി, പാവപ്പെട്ടവര്‍ക്കായി വൈദ്യുതി കണക്ഷന്‍, ശൗചാലയങ്ങള്‍, മുത്തലാഖ്, രാം ജന്മഭൂമി, പൗരത്വ ഭേദഗതി നിയമം തുടങ്ങി കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങളും റാലിയില്‍ അമിത് ഷാ എണ്ണിപ്പറഞ്ഞു.
'നമ്മുടെ അതിര്‍ത്തിയിലൂടെ ആര്‍ക്കുവേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാം എന്നൊരു സമയമുണ്ടായിരുന്നു. ഡല്‍ഹി ദര്‍ബാറിനെ അത് ബാധിച്ചിരുന്നില്ല. ഉറി, പുല്‍വാമ എന്നിവയ സംഭവിച്ചത് ഞങ്ങളുടെ ഭരണകാലത്താണ്, അത് മോദിയും ബിജെപി സര്‍ക്കാരുമായിരുന്നു, ഞങ്ങള്‍ സര്‍ജിക്കല്‍ സട്രൈക്കുകളും വ്യോമാക്രമണവും നടത്തി.' അമിത് ഷാ പറഞ്ഞു.
ദശലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റം വരുത്തിയതായി അമിത് ഷാ പറഞ്ഞു.' ദാരിദ്യം തുടച്ചുമാറ്റുമെന്ന് ഇന്ദിരാഗാന്ധി വാക്കുനല്‍കിയിരുന്നതായി പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ നരേന്ദ്രമോദി വാഗ്ദാനം ചെയ്തത് നിറവേറ്റി.'
വെര്‍ച്വല്‍ റാലിക്കെതിരെ പാത്രങ്ങളില്‍ തട്ടി ശബ്ദമുണ്ടാക്കി പ്രതിഷേധിച്ച ആര്‍ഡെജിയെയും തന്റെ പ്രസംഗത്തില്‍ അമിത് ഷാ പരാമര്‍ശിച്ചു. 'ഞങ്ങളുടെ ഇന്നത്തെ വെര്‍ച്വല്‍ റാലിയെ തളികളില്‍ അടിച്ച് ശബ്ദമുണ്ടാക്കിയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. കൊറോണ പോരാളികളോട് കൃതജ്ഞത പ്രകടിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഒടുവില്‍ എല്ലാവരും കേട്ടതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.' അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ വെര്‍ച്വല്‍ റാലിക്ക് മുമ്പായി പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കിയും ശബ്ദം മുഴക്കിയുമാണ് ആര്‍ജെഡി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. ബിഹാറിലെ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വസതിക്ക് മുമ്പിലാണ് സാമൂഹിക അകലം പാലിച്ച് പ്രതിഷേധം അരങ്ങേറിയത്. റാബ്രിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന ആരോപണത്തെയും അമിത് ഷാ പ്രതിരോധിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിനുകളും ബസുകളും ഏര്‍പ്പെടുത്തിയ കാര്യം ഷാ ആവര്‍ത്തിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി മോദി നിരന്തരം ചര്‍ച്ച നടത്തിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ തീരുമാനങ്ങളില്‍ മാറ്റങ്ങളില്‍ വരുത്തിയിരുന്ന കാര്യവും അമിത് ഷാ പങ്കുവെച്ചു.
Content Highlights: Union Home Minister & BJP leader Amit Shah addressing ‘Bihar Jansamvad Rally’ through video conferencing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..