ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന കുറവാണെന്നും കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിയുക്ത സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

2.21 ശതമാനമാണ് കോവിഡ് മരണനിരക്കിന്റെ ദേശീയ ശരാശരി. കേരളത്തില്‍ ഇത് 0.31 ശതമാനമാണ്. എന്നാല്‍ പരിശോധനയുടെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണുളളത്. കോവിഡ് പരിശോധനയില്‍ ദേശീയ ശരാശരി പത്ത് ലക്ഷത്തില്‍ 324 എന്നിരിക്കെ കേരളത്തില്‍ ഇത് 212 മാത്രമാണ്. പരിശോധന നിരക്ക് വര്‍ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.  

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ രോഗത്തില്‍നിന്നു മുക്തി നേടിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ 7.85 ശതമാനമായിരുന്നു നമ്മുടെ രോഗമുക്തി നിരക്കെങ്കില്‍ ഇന്ന് അത് 64.4 ശതമാനമായിരിക്കുന്നു. കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ഫലം കാണുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം. സ്വന്തം സുരക്ഷപോലും മറന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം സേവനമനുഷ്ഠിച്ചതുകൊണ്ടാണ് ഈ നേട്ടം നമുക്ക് കൈവരിക്കാനായത്. 

പതിനാറ് സംസ്ഥാനങ്ങളിലെ കോവിഡ് രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍. 88 ശതമാനമാണ് ഡല്‍ഹിയിലെ രോഗമുക്തി നിരക്ക്. രാജ്യത്ത് 2.21 ശതമാനമാണ് കോവിഡ് മരണനിരക്ക്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കണക്കുകളാണ്. 24 സംസ്ഥാനങ്ങളില്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. രാജ്യത്ത് ഇതുവരെ 18,190,000 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ആഴ്ച തോറും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. 

കോവിഡിനെതിരെ മൂന്ന് സാധ്യതാ വാക്‌സിനുകളാണ് ലോകത്ത് വികസിപ്പിക്കുന്നത്. ഇവ ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടത്തിലാണുള്ളത്. ഇന്ത്യയിലാവട്ടെ വാക്‌സിന്‍ വികസനം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടത്തിലാണുള്ളത്. ഇന്ത്യ പോലെയൊരു രാജ്യത്ത് ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്നത് പ്രായോഗികമായ കാര്യമല്ലെന്നും വാക്‌സിനിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് ഫലപ്രദമെന്നും അദ്ദേഹം വിശദീകരിച്ചു.

Content Highlights: Union Health Ministry briefs the media over COVID19 situation Kerala Covid