ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണ നിരക്ക് 2.10 ശതമാനമായി കുറഞ്ഞതായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് നല്ല അടയാളമാണെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
5.86 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. 12 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. കോവിഡ് മരണങ്ങളില്‍ 50 ശതമാനവും 60 വയസോ അതിന് മുകളിലുള്ളവര്‍ക്കിടയിലോ ആണ്. 37 ശതമാനം മരണങ്ങള്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ളവരിലാണ് സംഭവിച്ചിട്ടുള്ളത്. 11 ശതമാനം മരണങ്ങള്‍ 26 മുതല്‍ 44 വയസ് വരെയുള്ളവരിലാണ്. 18 മുതല്‍ 25 വയസ് പ്രായമുള്ളവര്‍ ഒരു ശതമാനം മാത്രമേ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
68 ശതമാനവും പുരുഷന്‍മാരാണ് മരിച്ചത്. 32 ശതമാനം സ്ത്രീകളും മരിച്ചു. പലസംസ്ഥാനങ്ങളും പരിശോധന ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6.6 ലക്ഷത്തിലധികം ടെസ്റ്റുകള്‍ ഉള്‍പ്പടെ രാജ്യത്ത് ഇതുവരെ രണ്ടുകോടിയിലധികം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന ഓക്‌സ്‌ഫോഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ 17 നഗരങ്ങളില്‍ ഇതിന്റെ പരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.