ന്യൂഡല്‍ഹി: പെട്രോളിയം മേഖലയില്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. എണ്ണക്കമ്പനികള്‍ അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ചില്ലറ വില്‍പ്പന രംഗത്ത് കടുത്ത മത്സരത്തിന് വഴിതുറക്കുന്നതാണ് തീരുമാനം.

എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച്ക്കൊണ്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത്  ഇന്ധന ചില്ലറ വില്‍പ്പന ലൈസന്‍സ് ലഭിക്കുന്നതിന് കമ്പനികള്‍ ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണം, ഉത്പാദനം, ശുദ്ധീകരണം, പൈപ്പ്ലൈനുകള്‍ അല്ലെങ്കില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ടെര്‍മിനലുകള്‍ എന്നിവയില്‍ 2,000 കോടി ഡോളര്‍ നിക്ഷേപിക്കേണ്ടതുണ്ട്.  ലൈസന്‍സിനുള്ള ഈ വ്യവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിരുന്നു. നിയന്ത്രണങ്ങളോടെ ചില്ലറ വില്‍പ്പന മേഖല തുറന്നിടണമെന്നും സമതിയുടെ ശുപാര്‍ശ ഉണ്ടായിരുന്നു.

250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. അഞ്ച് ശതമാനം ഔട്ട്ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കുമെന്ന വ്യവസ്ഥയുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍എന്‍ജി, സിഎന്‍ജി എന്നിവ ഇന്ധനങ്ങളില്‍ ഉള്‍പ്പെടുന്നു.

പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്ക് നിലവില്‍ രാജ്യത്ത് 65,000 പെട്രോള്‍ പമ്പുകളുണ്ട്. റിലയന്‍സ്, എസ്സാര്‍, റോയല്‍ ഡച്ച്, തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പുകളും നിലവിലുണ്ട്. റിലയന്‍സിന് മാത്രമായി 1400 ഓളം പമ്പുകളാണ് രാജ്യത്തുള്ളത്.

Content Highlights: Union cabinet allows all companies to enter fuel retail business