ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സിലബസ് വെട്ടിക്കുറയ്ക്കാനുള്ള സി.ബി.എസ്.ഇ. തീരുമാനത്തിനെതിരേ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര മാനവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍. വിമര്‍ശിക്കുന്നവര്‍ വിഷയത്തെ സെന്‍സേഷണലൈസ് ചെയ്യുകയാണെന്നും കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സിലബസില്‍നിന്ന് ചില വിഷയങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ധാരാളം തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. കാര്യങ്ങള്‍ തെറ്റായി ചിത്രീകരിക്കാന്‍ ചില പ്രത്യേക വിഷയങ്ങള്‍ തിരഞ്ഞെടുത്ത് ബന്ധിപ്പിച്ച് സെന്‍സേഷലൈസ് ചെയ്യുന്നു എന്നതാണ് ഇതിലെ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിലബസ് 30% കുറക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളും ശുപാര്‍ശകളും പരിഗണിച്ചാണ് ഇത് നടപ്പാക്കിയത്. ദേശീയത, പ്രാദേശിക സര്‍ക്കാര്‍, ഫെഡറലിസം മുതലായ മൂന്നു നാല് വിഷയങ്ങള്‍ ഒഴിവാക്കുന്നത് തെറ്റായി വ്യാഖ്യാനിക്കാന്‍ എളുപ്പമാണെന്നും വിവിധ വിഷയങ്ങളില്‍ ഒഴിവാക്കല്‍ നടക്കുന്നുവെന്ന് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം കുട്ടികളോടുള്ള നമ്മുടെ പവിത്രമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തില്‍ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കി നമ്മുടെ രാഷ്ട്രീയം കൂടുതല്‍ വിദ്യാസമ്പന്നമാക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, സാമ്പത്തിക ശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളെ ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നേരത്തെ മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് സിലബസില്‍നിന്ന് നീക്കം ചെയ്തത്. വിദ്യാര്‍ഥികളുടെ പഠനഭാരവും അതുമൂലമുള്ള സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനാണ് 2020-21 വര്‍ഷത്തെ പാഠഭാഗങ്ങളില്‍ കുറവു വരുത്തുന്നതെന്നാണ് വിശദീകരണം.
Content Highlights: ‘Uninformed commentary’: Union minister Ramesh Pokhriyal Nishank on on row over cut in CBSE course
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..