Photo: twitter.com| Melania Trump
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ച അനുഭവം അവിസ്മരണീയമാണെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടി മോട്ടിബാഗിലെ സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ വീഡിയോ സഹിതമാണ് മെലാനിയ ട്രംപിന്റെ ട്വീറ്റ്.
"ന്യൂഡല്‍ഹി സര്‍വോദയ സ്‌കൂളില്‍ മറക്കാനാവാത്ത ഒരു അപരാഹ്നം അസാധാരണ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ചിലവഴിച്ചത് ഒരു ബഹുമതിയാണ്. ഹൃദ്യമായ സ്വീകരണത്തിന് നന്ദി." - അവര്‍ ട്വിറ്ററില്‍ കുറിച്ചു. സ്‌കൂള്‍ സന്ദര്‍ശിക്കുന്ന വീഡിയോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിബെസ്റ്റ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ട്വീറ്റ്.
ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടി സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ മെലാനിയയെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് സ്വീകരിച്ചത്. ഒരു മണിക്കൂറിലധികം സമയം സ്‌കൂളില്‍ ചിലവഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.
ഹാപ്പിനെസ്സ് ക്ലാസിന് പുറമെ വിദ്യാര്‍ഥികള്‍ ഒരുക്കിയ മറ്റു പരിപാടികളും അവര്‍ വീക്ഷിച്ചു. രാജസ്ഥാനി, പഞ്ചാബി നൃത്തരൂപങ്ങളും സ്‌കൂളിന് പുറത്തെ മൈതാനത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സൂര്യനമസ്‌കാരവും അവതരിപ്പിച്ചിരുന്നു.
2018 ജൂലൈയില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരാണ് ഹാപ്പിനെസ്സ് ക്ലാസ് ആരംഭിച്ചത്. 45 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഈ ക്ലാസില്‍ മെഡിറ്റേഷന്‍, കഥ പറച്ചില്‍, മാനസിക വ്യായാമങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
Content Highlights: Unforgettable: US First Lady Melania Trump recounts 'Happiness Class' experience at Delhi school
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..