ന്യൂഡല്‍ഹി:  വിജയ് മല്യയെ മോഷ്ടാവെന്ന് വിളിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാലു പതിറ്റാണ്ടോളം നീളുന്ന വ്യവസായ ചരിത്രമുള്ള മല്യ ഇത്രയും കാലം സാമ്പത്തിക ക്രമക്കേടുകളൊന്നും നടത്തിയിട്ടില്ലെന്നും കടക്കെണിയില്‍പ്പെട്ടതു കൊണ്ട് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന വ്യക്തിയെ കള്ളനെന്ന് മുദ്രകുത്തുന്നത് ന്യായീകരിക്കാനാല്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. 

തനിക്ക് മല്യയുമായി യാതൊരിടപാടുമില്ലെന്ന് ഗഡ്കരി ആവര്‍ത്തിച്ചു വ്യക്തമാക്കി. 9000 കോടിയോളം രൂപയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണ് വിജയ് മല്യ.

വ്യാപാര-വ്യവസായരംഗങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. സാമ്പത്തികത്തകര്‍ച്ച നേരിടുന്ന വ്യക്തിയെ പിന്തുണയ്ക്കുന്നതിനു പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല. 40 കൊല്ലത്തോളം കൃത്യമായി ബാങ്കിടപാടുകള്‍ നടത്തിയിരുന്ന മല്യയെ ഈയൊരവസരത്തില്‍ ഒറ്റപ്പെടുത്തുന്നത് ഉചിതമല്ല. ഗഡ്കരി അഭിപ്രായപ്പുെട്ടു.

വ്യാപാരരംഗത്തുണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ നിര്‍വ്യാജമാണെങ്കില്‍ അതനുഭവിക്കുന്ന വ്യക്തിക്ക് പിന്തുണ നല്‍കേണ്ടതാവശ്യമാണെന്നും അതിനാല്‍ മല്യയെ കുറ്റപ്പെടുത്താന്‍ താനൊരുക്കമല്ലെന്നും ഗഡ്കരി വ്യക്തമാക്കി. താന്‍ മുന്‍പ് നേരിട്ട തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും ഗഡ്കരി ഓര്‍മിച്ചു. പരാജയം നേരിട്ട സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിച്ചതായി കരുതിയിരുന്നെങ്കില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസ്ഥാനത്തെത്തില്ലായിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. 

നീരവ് മോദിയോ വിജയ് മല്യയോ സാമ്പത്തികത്തട്ടിപ്പ് നടത്തിയെങ്കില്‍ തീര്‍ച്ചയായും ജയിലിലടയ്ക്കണം, എന്നാല്‍ സാമ്പത്തികമായി അവര്‍ തകര്‍ന്നു നില്‍ക്കുന്ന അവസ്ഥ മനസിലാക്കുകയും അവരെ തട്ടിപ്പുകാരെന്ന് മുദ്രകുത്താതിരിക്കുകയും ചെയ്തില്ലെങ്കില്‍ രാജ്യപുരോഗതിക്ക് വിനയാവുമെന്നും ഗഡ്കരി പറഞ്ഞു.

9400 കോടിയോളം വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്ന മല്യയെ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാമെന്ന് ഡിസംബര്‍ 10 ന് ബ്രിട്ടീഷ് കോടതി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വായ്പയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. 

Content Highlights: Unfair to call a one-time loan defaulter, thief: Nitin Gadkari on Vijay Mallya