ന്യൂഡല്‍ഹി: 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) 2017-18 വര്‍ഷത്തെ തൊഴില്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 6.1 ശതമാനമാണ് 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രമാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്ത് വിട്ടിരിക്കുന്നത്. 

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍  ഡിസംബറില്‍ ഈ റിപ്പോര്‍ട്ട് സമര്‍ച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. 2016-ല്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ തൊഴില്‍ റിപ്പോര്‍ട്ടാണിതെന്ന് പ്രത്യേകതയും ഉണ്ട്.

ഇടക്കാല ബജറ്റിന് തൊട്ടുമുമ്പായി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത് മൂര്‍ച്ചയേറിയ ആയുധം കൂടിയാണിത്.

ഇതിന് മുമ്പ് 1972-73 കാലഘട്ടത്തിലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നു. 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു  തൊഴിലില്ലായ്മ നിരക്ക്.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ (5.3%) തൊഴിലില്ലായ്മയെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് (7.8%) തൊഴിലില്ലായ്മ ഉയര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ റെക്കോര്‍ഡിലെത്തി ഏറ്റവും ഭീതിതമായ അവസ്ഥയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. 13 മുതല്‍ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ പ്രാതിനിധ്യം വളെര കുറവാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും മലയാളിയുമായ പി.സി.മോഹനന്‍, അംഗം ജെ.വി.മീനാക്ഷി എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത് കാര്യമായ ക്ഷീണമുണ്ടാക്കുമെന്നുള്ളത് കൊണ്ടാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Content Highlights: India's unemployment rate hit four-decade high of 6.1% in 2017-18, says NSSO survey