ന്യൂ ഡല്‍ഹി: തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതായി രാജ്യസഭയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ഇതു സംബന്ധിച്ച  ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക്‌സ് സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിങ് ഇക്കാര്യം പറഞ്ഞത്.

മേയ് 30ന് ആയിരുന്ന സര്‍വേ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടത്. എന്നാല്‍ അതിനു മുന്‍പുതന്നെ വിവരങ്ങള്‍ ചോര്‍ന്നു. ഇതിനു പിന്നില്‍ ചില പ്രത്യേക അജണ്ട ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഇത് വളരെ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി റാവു ഇന്ദ്രജിത്ത് സിങ് പറഞ്ഞു. 

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് തോഴില്‍ നിരക്കും തൊഴിലില്ലായ്മ നിരക്കും സംബന്ധിച്ച് സര്‍വേ നടക്കാറുള്ളത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഓരോ വര്‍ഷവും ഇതു സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നു. മുന്‍ കാലത്തേതില്‍നിന്ന് വിഭിന്നമായി സര്‍വേ നടത്തുന്ന രീതിയിലും സാങ്കേതികതയിലും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതുകൊണ്ടാണ് മുന്‍ സര്‍വേകളില്‍നിന്ന് ചില വ്യത്യാസങ്ങള്‍ ഇത്തവണത്തെ സര്‍വേയില്‍ ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ തൊഴിലില്ലായ്മയെ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. തൊഴിലില്ലായ്മ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി പ്രകാരം മാത്രം 2018 നവംബര്‍ വരെ 14.4 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ദീന്‍ദയാല്‍ ഗ്രാമീണ്‍ കൗശല്‍ യോജന പ്രകാരം 4.73 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രി റാവു ഇന്ദ്രജിത്ത് സിങ് രാജ്യസഭയില്‍ പറഞ്ഞു.

Content Highlights: unemployment Figures Were Leaked, it is Serious Issue- Government