ന്യൂഡല്‍ഹി: പാകിസ്താനില്‍ ഒളിവില്‍ കയുന്ന അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന് കോവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ദാവൂദിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതര്‍ ക്വാറന്റീനിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നാണ് വിവരങ്ങള്‍. 

1993-ലെ ബോംബെ സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം.  ഇയാളെ കൊടുംകുറ്റവാളിയായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. ഇയാള്‍ പാകിസ്താനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഇക്കാര്യം പാകിസ്താന്‍ നിഷേധിക്കുകയും ചെയ്യുന്നു.  ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായ വാര്‍ത്തകള്‍ വരുന്നത്. 

2003-ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

Content Highlights: Underworld don Dawood Ibrahim, wife test positive for coronavirus