Photo | PTI
പട്‌ന: ബിഹാറില്‍ ഗംഗാ നദിക്കു കുറുകേ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. ഭഗല്‍പുര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ജ് - ഖഗരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. കാതടപ്പിക്കുന്ന ശബ്ദത്തോടെയായിരുന്നു വീഴ്ച. 2014-ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തറക്കല്ലിട്ട പാലമാണിത്. ഒന്നിനു പിറകെ ഒന്നെന്ന രീതിയില്‍ പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ തകര്‍ന്നെങ്കിലും ആര്‍ക്കും ജീവനാശമോ പരിക്കോ ഇല്ല. 1,717 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച നാലുവരിപ്പാലമായിരുന്നു. പാലം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നു.
പാലത്തിന്റെ 4-5 പില്ലറുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, തകര്‍ച്ചയ്ക്ക് കാരണക്കാരായ ഉദ്യോസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അറിയിച്ചു. നേരത്തേ ശക്തമായ കാറ്റും മഴയും കാരണം ഒരുതവണ ഈ പാലം തകര്‍ന്നതാണ്. 2022 ഏപ്രിലിലായിരുന്നു അത്. പാലത്തിന്റെ 4-6 തൂണുകള്‍ക്കിടയിലുള്ള മേല്‍ഭാഗമാണ് തകര്‍ന്നിരുന്നത്. അന്നുതന്നെ നിര്‍മാണം സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നെങ്കിലും കമ്പനിക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. പകരം കമ്പനിക്ക് കൂടുതല്‍ സമയം അനുവദിച്ചുനല്‍കുകയായിരുന്നു.
2014-ല്‍ നിര്‍മാണം തുടങ്ങിയ പാലം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2015-ല്‍ നിര്‍മാണോദ്ഘാടനം നടത്തി. 2019-ല്‍ പൂര്‍ത്തിയാകുമെന്ന് കരുതിയെങ്കിലും 25 ശതമാനംപോലും പണി കഴിഞ്ഞില്ല. പിന്നെ 2020-ലും 2022-ലും പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. ഇക്കാലയളവിനിടെ എട്ടുതവണയാണ് പാലത്തിന്റെ പണി നിര്‍ത്തിവെച്ചത്. അതേസമയം കാലതാമസത്തിന് നിര്‍മാണക്കമ്പനിക്ക് പിഴ ചുമത്തുന്നതിനു പകരം സമയം നീട്ടിനീട്ടി അനുവദിച്ചുനല്‍കിയതും പണി മന്ദഗതിയിലാകുന്നതിന് കാരണമായി.
പണി ഇഴഞ്ഞുനീങ്ങുകയും തകര്‍ച്ചകള്‍ നേരിടുകയും ചെയ്ത പശ്ചാതലത്തില്‍, അഴിമതിയാരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. നിതീഷ് കുമാര്‍ സര്‍ക്കാരിനു കീഴില്‍ അഴിമതി വ്യാപകമാണെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ സമ്രത് ചൗധരി ആരോപിച്ചു.
Content Highlights: under construction bridge collapses in bihar, probe ordered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..