ബെംഗളൂരു:  ബലാത്സംഗം ചെയ്ത പുരുഷന് ഒപ്പം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബലാത്സംഗ കേസില്‍ ബെംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട്‌ പുറപ്പെടുവിച്ച ഉത്തരവില്‍ ആണ് ബലാത്സംഗം ചെയ്ത പുരുഷന് ഒപ്പം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്ന് കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്ത് അഭിപ്രായപ്പെട്ടത്‌. 42 വയസ്സുള്ള യുവതി ആണ് സ്ഥാപന ഉടമയ്ക്ക് എതിരെ പരാതി നല്‍കിയത്.

മെയ് രണ്ടിന് ആണ് യുവതി സ്ഥാപന ഉടമയ്ക്ക് എതിരെ ബെംഗളൂരുവിലെ രാജരാജേശ്വരിനഗര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം) 420 (വഞ്ചന) 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമെ ഐ ടി ആക്ടിലെ 66 ബി വകുപ്പും പ്രതിക്ക് എതിരെ പോലീസ് ചുമത്തി.

പ്രതിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി മെയ് 19 ന് തള്ളി. ഇതിനെതിരെയാണ്‌ പ്രതി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ വാദം ഈ ഘട്ടത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന് പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ഉണ്ടാകുക ആണെങ്കില്‍ പരാതി പിന്‍വലിക്കാം എന്ന് ഒരു ഘട്ടത്തില്‍ യുവതി വ്യക്തമാക്കിയിരുന്നതായും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബലാത്സംഗം നടന്ന ദിവസം രാത്രി പതിനൊന്ന് മണിക്ക് എന്തിനാണ് പ്രതിയുടെ ഓഫീസില്‍ പോയത് എന്ന് വിശദീകരിക്കാന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് ശേഷം പ്രതിക്കൊപ്പം ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ പോയി അത്താഴം കഴിച്ചു. പ്രതി മദ്യപിച്ചു. തുടര്‍ന്ന് കാറിലാണ്‌ ഇരുവരും സഞ്ചരിച്ചത്. ആ സമയത്ത് ഒന്നും പ്രതിയുടെ സ്വഭാവത്തോടുള്ള എതിര്‍പ്പ് യുവതി രേഖപ്പെടുത്തിയില്ല. താന്‍ അപായത്തില്‍പെട്ടിരിക്കുക ആണെന്ന് പൊതു ജനങ്ങളെയോ പോലീസിനെയോ അറിയിക്കാന്‍ ഉള്ള ശ്രമവും യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ഹോട്ടലില്‍ പ്രതി മദ്യപിക്കുന്നതിനെ യുവതി എതിര്‍ത്തിട്ടില്ല. പുലര്‍ച്ചെ വരെ തനിക്ക് ഒപ്പം കഴിയാനും അനുവദിച്ചു. ബലാത്സംഗത്തിന് ശേഷം ക്ഷീണിച്ച് ഉറങ്ങിപ്പോയി എന്ന യുവതിയുടെ വാദം ഇന്ത്യന്‍ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ല. ബലാത്സംഗം ആണ് നടന്നതെങ്കില്‍ സ്ത്രീ ഇങ്ങനെ അല്ല പ്രതികരിക്കുക എന്നും പ്രതിക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ആണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

Content Highlight:  Unbecoming of Indian woman to sleep after rape', observes Karnataka High Court