ലഖ്‌നൗ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവിന്റെ പ്രസംഗം. തന്റെ ഭാര്യക്ക് വേണ്ടി വോട്ട് ചെയ്തില്ലെങ്കില്‍ ബിജെപി ഭരണത്തിന്‍ കീഴില്‍ വല്ലാതെ കഷ്ടപ്പെടേണ്ടിവരുമെന്നായിരുന്നു കൗണ്‍സിലര്‍ കൂടിയായ രണ്‍ജീത് കുമാര്‍ ശ്രീവാസ്തവയുടെ ഭീഷണി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യ സാഷിക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നതിനിടെയായിരുന്നു ഈ ഭീഷണി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സന്നിഹിതരായിരുന്ന വേദിയിലാണ് രണ്‍ജീത് ഭീഷണി മുഴക്കിയത്. 

'ഇവിടെയിപ്പോഴുള്ളത് സമാജ് വാദി പാര്‍ട്ടിയുടെ ഭരണമല്ല, ഒരു നേതാവും നിങ്ങളെ രക്ഷിക്കാന്‍ വരികയുമില്ല. റോഡുകള്‍, ഓവ്ചാലുകള്‍ എന്നിവയെല്ലാം പ്രാദേശികഭരണകൂടത്തിനു കീഴിലാണ് വരിക. അതൊക്കെ ഓര്‍മ്മയുണ്ടാവണം. ബിജെപി സ്ഥാനാര്‍ഥിക്കല്ല നിങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കില്‍ കഷ്ടപ്പാട് അനുഭവിക്കാന്‍ തയ്യാറായിക്കോളൂ. ഭാര്യയ്ക്കല്ല നിങ്ങളുടെ വോട്ടെങ്കില്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരും. അങ്ങനെവന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധം നിങ്ങള്‍ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരും. അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്, മുസ്ലീംകളേ നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയല്ല. അങ്ങനെയെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനും കഴിയൂ'  എന്നായിരുന്നു രണ്‍ജീതിന്റെ ഭീഷണി.

വേദിയിലുണ്ടായിരുന്ന  മന്ത്രിമാരിലൊരാളായ ധാരാ സിങ് ചൗഹാന്‍ രണ്‍ജീതിന്റെ വാക്കുകളോട് പിന്നീട് വിയോജിപ്പ് പ്രകടിപ്പിച്ചു. രണ്‍ജീതിന്റെ വാക്കുകള്‍ പാര്‍ട്ടിയുടേതല്ലെന്നും സംഭവം പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും വ്യക്തമാക്കി. 

content highlights:BJP, uttarpradesh, Leader Warns Muslims , Yogi Adityanath, Ranjeet Kumar Srivastava'