ന്യൂഡല്‍ഹി:  ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് ഐക്യരാഷ്ട്രസംഘടനയുടെ അഭിനന്ദനം. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കായത് ഫോനിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സഹായകമായി എന്ന് ഐക്യരാഷ്ട്രസംഘടനയുടെ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. 

20 കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഇതിന് മുമ്പ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ 8 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. തീര്‍ഥാടനകേന്ദ്രമായ പുരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായ കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായി. പതിനൊന്ന് ലക്ഷത്തോളം പേരെ ഇത് ബാധിച്ചിട്ടുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

ഫോനിയെ അതിതീവ്രചുഴലിക്കാറ്റിന്റെ വിഭാഗത്തിലാണ് കാലാവസ്ഥാ ഗവേഷണകേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ വീശിയ ഫോനിയുടെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 90 കിമീ ആയി കുറഞ്ഞിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ എല്ലാ വിധ മുന്‍കരുതലും സ്വീകരിക്കാന്‍ കഴിഞ്ഞത് മരണസംഖ്യയും അപകടങ്ങളും കുറയ്ക്കാന്‍ സഹായകമായി. ഇക്കാര്യവും ഐക്യരാഷ്ട്രസംഘടന എടുത്ത് പറഞ്ഞിട്ടുണ്ട്. 

Content Highlights: Fani,Cyclone, UN, Indian Meteorological Department