ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലൂടെ ചില മതങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമ്പോള്‍ ചില മതങ്ങളിലെ കുടിയേറ്റക്കാരെ  അപകടാവസ്ഥയിലാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം  കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും മനുഷ്യാവകാശങ്ങളെ ബാധിക്കുന്നതാണെന്നാരോപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിയമം ചോദ്യം ചെയ്ത് വിരമിച്ച ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ ദേബ് മുഖര്‍ജി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ കക്ഷി ചേരാനാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാക്കലേത് ജേരിയ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കാതിരിക്കാനുള്ള പദ്ധതിക്ക് ഇന്ത്യ രൂപംനല്‍കണമെന്ന് അപേക്ഷയില്‍ മനുഷ്യാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മതത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ പൗരത്വം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണ്. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച രാജ്യാന്തര കരാറുകളും ഉടമ്പടികളും പാലിക്കാന്‍ ഇന്ത്യക്ക് ബാധിതയുണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മിഷേല്‍ ബാക്കലേത് ജേരിയ ചൂണ്ടിക്കാട്ടി.

2011-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5.87 ദശലക്ഷം കുടിയേറ്റക്കാര്‍ ആണുള്ളത്. ഇതില്‍ 50 ശതമാനവും പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലെത്തിയത്. ഇതില്‍ എത്ര പേരാണ് അനധികൃത കുടിയേറ്റക്കാർ എന്ന കാര്യം വ്യക്തമല്ലെന്നും മനുഷ്യാവകാശ കമ്മീഷണര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിലൂടെ ചില മതങ്ങള്‍ക്ക് അനൂകൂല്യം ലഭിക്കുമ്പോള്‍ ചില മതങ്ങളിലെ കുടിയേറ്റക്കാരെ  അപകടാവസ്ഥയിലാക്കിയെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്‍, ബംഗ്‌ളദേശ്, അഫ്ഗാനിസ്താന്‍ എന്നിവടങ്ങില്‍ മതപീഡനം നേരിടുന്ന  മുസ്ലിങ്ങള്‍ക്കിടയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതിനെയും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ അപേക്ഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

Content Highlights: UN human rights body moves Supreme Court over CAA