ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധി ലിയോ ഹെള്ളര്‍. സമഗ്രമായ മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതില്‍ സ്വച്ഛ് ഭാരത് പദ്ധതി പരാജയപ്പെട്ടുവെന്ന് ലിയോ പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പത്രസമ്മേളനത്തില്‍ അവതരിപ്പിക്കുകയായിരുന്നു ലിയോ.

എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തെ മറികടന്നാവരുത് ശൗചാലയ നിര്‍മാണത്തിന് കേന്ദ്രം പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ കുടിവെള്ളത്തിനും ശുചീകരണത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ  മനുഷ്യാവകാശ വിഭാഗ പ്രത്യേക പ്രതിനിധിയാണ് ലിയോ.

"കഴിഞ്ഞ രണ്ടാഴ്ച ഗ്രാമങ്ങളും നഗരങ്ങളും ചേരികളും ക്യാമ്പുകളും ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമഗ്രമായ സമീപനം പദ്ധതിക്കുള്ളതായി എനിക്ക് കണ്ടെത്താനായില്ല. പോയ എല്ലായിടത്തും സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോ (മഹാത്മാ ഗാന്ധിയുടെ കണ്ണട) ഞാന്‍ കണ്ടു. പദ്ധതി നടപ്പാക്കിയിട്ട് മൂന്നു വര്‍ഷമാകുന്നു. ആ കണ്ണടയുടെ ലെന്‍സുകള്‍ മനുഷ്യാവകാശത്തിന്റെതായി മാറ്റേണ്ട സമയമാണിത്"- ലിയോ പറഞ്ഞു.

അതേസമയം ലിയോയുടെ പരാമര്‍ശങ്ങളോട് രൂക്ഷവിമര്‍ശനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. രാഷ്ട്രപിതാവിനോടുള്ള അനാദരവായാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയുമായി ബന്ധപ്പെട്ട് ലിയോ നടത്തിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

മനുഷ്യാവകാശത്തിനു വേണ്ടിയുള്ള മുന്നണിപ്പോരാളിയായിരുന്നു മഹാത്മാ ഗാന്ധിയെന്നു ലോകത്തിന് അറിയാമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പരസ്പരബന്ധമില്ലാത്ത റിപ്പോര്‍ട്ടാണെന്നും തെറ്റിദ്ധാരണകളും പൊതുവായ കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയതാണെന്നും പക്ഷപാതപരമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാഴ്ച നീണ്ടുനിന്ന ഇന്ത്യാ സന്ദര്‍ശനം ലിയോ പൂര്‍ത്തിയാക്കിയത്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളും ചേരി പ്രദേശങ്ങളും സന്ദര്‍ശിച്ച ലിയോ, വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കണ്ടിരുന്നു.

ചില പ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ വിവേചനം അനുഭവിക്കുന്നതായും ലിയോ പറഞ്ഞു. ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതു കൊണ്ടു മാത്രം പരസ്യമായ മലമൂത്ര വിസര്‍ജനം ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 സെപ്റ്റംബറില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ 39-ാം സമ്മേളനത്തിലാണ് പൂര്‍ണമായ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും ലിയോ സമര്‍പ്പിക്കുക. പി ടി ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

content highlights:Swachh Bharat Mission, leo heller