ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടന്‍. ജി-7 ഉച്ചകോടിക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയെ 'ലോകത്തിന്റെ ഫാര്‍മസി' എന്ന് വിശേഷിപ്പിച്ച ബ്രിട്ടന്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ലോകത്തിന് ആവശ്യമായ വാക്‌സിനുകളുടെ അമ്പതുശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. മഹാമാരിക്കാലത്ത് ബ്രിട്ടണും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും ബ്രട്ടീഷ് ഹൈകമ്മീഷന്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ 14 വരെ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പങ്കെടുക്കും. കോവിഡ്, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും
content highlights: UK invites PM Modi to attend G7, Boris Johnson to visit India before Summit