ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ല്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. 'നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്' - ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. പല ആരോപണങ്ങളിലും ഇന്ത്യയില്‍ വിചാരണ നടക്കേണ്ടതാണ്. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2019 മാര്‍ച്ചില്‍ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണിപ്പോള്‍. അവിടെനിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കോടതിയില്‍ ഹാജരായത്. നീരവിനെതിരായ തെളിവുകള്‍ ഇന്ത്യയില്‍നിന്ന് ലഭിച്ചുവെന്നും കോടതി വ്യക്തമാക്കി. ഇയാളെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി ഇന്ത്യക്ക് കൈമാറിയാല്‍ നീതി ലഭിക്കില്ലെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമാക്കി. 

രണ്ടു വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് വിവാദ വജ്ര വ്യാപാരിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനുള്ള യു.കെ കോടതിയുടെ ഉത്തരവ്.

 

Content Highlights: UK extradition judge orders Nirav Modi to be extradited to India to stand trial