ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി അപ്പീല്‍ നല്‍കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ യു.കെയിലെ ഹൈക്കോടതി തള്ളി. ലണ്ടന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ മാസമാണ് നീരവ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഹൈക്കോടതി അത് നിരസിച്ചുവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഇനി അഞ്ച് ദിവസത്തിനകം നീരവിന് വീണ്ടും അപേക്ഷ നല്‍കാം. പുതിയ അപേക്ഷയും ഹൈക്കോടതി ജഡ്ജിയുടെ പരിഗണനയ്ക്ക് വരും. നീരവ് മോദി വീണ്ടും അപേക്ഷ നല്‍കുമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 50 വയസുള്ള വിവാദ വജ്രവ്യാപാരിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ഏപ്രില്‍ 15 ന് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഉത്തരവിട്ടിരുന്നു. 2019 മാര്‍ച്ച് 19ന് ലണ്ടനില്‍നിന്ന് അറസ്റ്റിലായതിന് ശേഷം അവിടുത്തെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് നീരവിനെ.

14,000 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദി 2018 ജനുവരി ഒന്നിനാണ് ഇന്ത്യയില്‍നിന്ന് കടന്നത്. നീരവിനെതിരെ വിചാരണ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2018 ന് ജൂണില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. യു.കെ പോലീസാണ് പിന്നീട് നീരവിനെ അറസ്റ്റു ചെയ്തത്.

ജാമ്യംതേടി നീരവധി തവണ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും അവയെല്ലാം വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയും ലണ്ടന്‍ ഹൈക്കോടതിയും തള്ളിയിരുന്നു.

Content Highlights; UK court rejects Nirav Modi's application against extradition to India