ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കാന്‍ സര്‍വകലാശലകള്‍ക്കും കോളേജുകള്‍ക്കും യുജിസിയുടെ നിര്‍ദേശം.

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്‌സിനേഷനെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന് തൊട്ടുമുമ്പായി ഞായറാഴ്ചയോടെയാണ് സര്‍വകലാശാല അധികൃതര്‍ക്ക് യുജിസി സെക്രട്ടറി രജ്‌നിഷ് ജെയിന്റെ വാട്‌സാപ്പ് സന്ദേശം വന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവരുടെ സാമൂഹിക മാധ്യമ പേജുകളിലും പ്രധാനമന്ത്രിക്ക് നന്ദി അര്‍പ്പിച്ചുള്ള ബാനറുകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'2021 ജൂണ്‍ 21 നാളെ മുതല്‍ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ക്കായി സര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്  സര്‍വ്വകലാശാലകളും കോളേജുകളും ഇതിന്റെ ഹോര്‍ഡിംഗുകളും ബാനറുകളും അവരുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹോര്‍ഡിംഗുകളുടേയും ബാനറുകളുടേയും അംഗീകൃത രൂപകല്‍പ്പന കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം നല്‍കിയതുപോലെയാകുന്നതിനായി രൂപരേഖ അറ്റാച്ച് ചെയ്തിരിക്കുന്നു' യുജിസി സെക്രട്ടറി രജ്‌നിഷ് ജെയിന്റെ സന്ദേശത്തില്‍ പറഞ്ഞു.

അറ്റാച്ച് ചെയ്ത് നല്‍കിയ പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം നന്ദി പ്രധാനമന്ത്രി മോദി എന്നെഴുതിയിട്ടുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് രജ്‌നിഷ് ജെയിന്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇതിനോടകം ബാനറുകളും ഹോര്‍ഡിംഗുകളും സ്ഥാപിച്ചുകഴിഞ്ഞു. അത് സര്‍വകലാശാലകളുടെ സാമൂഹിക അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടമുണ്ട്. 'താങ്ക്യുമോദിജി'എന്ന ഹാഷ്ടാഗാണ് ഇതിനായി നല്‍കിയിരിക്കുന്നത്.

അതേ സമയം ഈ നടപടിക്കെതിരെ അക്കാദമിക് വിദഗ്ദ്ധര്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. യുജിസിയില്‍ അടിമത്തമാണെന്നും മുന്‍ യുജിസി അംഗവും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.

'സര്‍ക്കാറിന്റെ പ്രചാരണത്തിനായി സര്‍വകലാശാലകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. സര്‍വകലാശാലകള്‍ സര്‍ക്കാറിന്റെ പ്രചാരണ ആയുധങ്ങളല്ലെന്നും ഡല്‍ഹി സര്‍വകലാശാല പ്രഫസറും മുന്‍ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ രാജേഷ് ഝാ പറഞ്ഞു.