ഉദയനിധിയും സ്റ്റാലിനും | File Photo - PTI
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും മന്ത്രിസഭയിലേക്ക്. ബുധനാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. നിലവില്‍ ചെപ്പോക്കില്‍നിന്നുള്ള ഡിഎംകെ എംഎല്‍എയാണ് അദ്ദേഹം. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
2019- മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. 2021-ല്‍ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി. മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയാല്‍ അതേക്കുറിച്ച് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സ്റ്റാലിനുമായി അടുപ്പമുള്ള നേതാക്കള്‍ ഉദയനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിച്ചിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താത്ത പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. സിനിമയിലെ തിരക്കുകള്‍ കാരണം ഉദയനിധി മന്ത്രിയാകാന്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് വിവരം.
Content Highlights: udayanidhi stalin cabinet tamil nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..