ഉദ്ധവ് താക്കറെ | Photo - PTI
മുംബൈ: ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എ.മാരോട് മുംബൈയിലെത്താനും വിശ്വാസവോട്ടെടുപ്പ് നേരിടാനും വെല്ലുവിളിച്ച് ശിവസേന. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും അവസാനംവരെ പോരാടുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
സാമൂഹികമാധ്യമത്തിലൂടെയുള്ള പ്രസംഗത്തില്‍ ബാലാസാഹേബിന്റെ ശിവസേന അവസാനംവരെ നിലനില്‍ക്കുമെന്നും തങ്ങളെ പിന്നില്‍നിന്ന് കുത്തിയവരാണ് ബി.ജെ.പി.യെന്നും അവരുമായി ഇനിയൊരു സഖ്യത്തിനില്ലെന്നും ഉദ്ധവ് പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്തും പറഞ്ഞു. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു വെല്ലുവിളി. 24 മണിക്കൂറിനുള്ളില്‍ ചര്‍ച്ചയ്ക്കായി വിമതരോട് മുംബൈയിലേക്കെത്താന്‍ ഉദ്ധവ് താക്കറെ അന്ത്യശാസനം നല്കി. എത്തിയില്ലെങ്കില്‍ അച്ചടക്കനടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിമതപക്ഷത്തേക്കു പോയ എം.എല്‍.എ. മാരില്‍ 16 പേരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേന നല്കിയ അപേക്ഷയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാല്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.
ഇതിനെതിരേ ഏക്നാഥ് ഷിന്ദേ ഗുവാഹാട്ടിയിലെ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ഏക്നാഥ് ഷിന്ദേ ഗുവാഹാട്ടിയില്‍ പറഞ്ഞു.
ഏക്നാഥ് ഷിന്ദേ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ അയോഗ്യരാക്കി ഭൂരിപക്ഷത്തിനുവേണ്ട അംഗസംഖ്യ കുറയ്ക്കാനാണ് ഉദ്ധവും ശരദ് പവാറും നോക്കുന്നത്. എന്നാല്‍, അയോഗ്യരാക്കിയാല്‍ ഉടന്‍ കോടതിയിലെത്താനുള്ള നിയമനടപടികള്‍ക്ക് ബി.ജെ.പി. ഒരുങ്ങിക്കഴിഞ്ഞു.
മഹാവികാസ് അഘാഡി സഖ്യം സ്വീകരിക്കേണ്ട തന്ത്രങ്ങളുടെ ഭാഗമായി എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, അജിത് പവാര്‍, ജയന്ത് പാട്ടീല്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ ഉദ്ധവ് താക്കറെയുടെ വസതിയിലെത്തി ചര്‍ച്ച നടത്തി.
യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് എന്‍.സി.പി. നേതാക്കള്‍ ഉദ്ധവിനെ ബോധ്യപ്പെടുത്തിയെന്നും വാര്‍ത്തകളുണ്ട്.
നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കാന്‍ നിര്‍ദേശം വന്നതായും എന്‍.സി.പി.യോടടുത്തവൃത്തങ്ങള് പറഞ്ഞു.
വിമതരുടെ എണ്ണം 50 കവിഞ്ഞേക്കും
വിമതരുടെ കൂട്ടത്തില്‍ ശിവസേനാ നേതാവും ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമായ ശംഭുരാജ് ദേശായിയും ചേര്‍ന്നു. 40 ശിവസേനാ എം.എല്‍.എ.മാരും 10 സ്വതന്ത്രരുമടക്കം 50 പേര് ഇപ്പോള്‍ ഏക്നാഥ് ഷിന്ദേയ്ക്കൊപ്പം ഗുവാഹാട്ടിയിലെ ഹോട്ടലിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..