മുംബൈ: രാഹുല്‍ ഗാന്ധിയുടെ വാചകം കടമെടുത്ത് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ചൗക്കിദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗമാണ് ഉദ്ധവ് താക്കറെയും മോദിക്കെതിരേ ഉപയോഗിച്ചത്. സോലാപൂരിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

റഫാല്‍ ഇടപാടും രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളും വിശദീകരിക്കുന്നതിനിടെയായിരുന്നു ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. ' സംസ്ഥാനത്തെ ഒരു കര്‍ഷകനെ ഞാന്‍ കാണാനിടയായി. കീടങ്ങള്‍ കാരണം നശിച്ചുപോയ നാരകം അദ്ദേഹം എനിക്ക് കാണിച്ചുതന്നു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കീടനാശിനി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നാരകത്തെ  ഇപ്പോള്‍ കീടങ്ങള്‍ തന്നെ വിഴുങ്ങിയിരിക്കുന്നു. സുരക്ഷ നല്‍കേണ്ടവര്‍ ഇന്ന് കള്ളന്മാരായിരിക്കുന്നു'- ഉദ്ധവ് താക്കറെ പറഞ്ഞു. 

റഫാല്‍ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. റഫാല്‍ ഇടപാടില്‍ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കേ സുപ്രീംകോടതി എങ്ങനെയാണ് ക്ലീന്‍ചിറ്റ് നല്‍കിയതെന്ന് എനിക്കറിയില്ല. പക്ഷേ, മോദി സര്‍ക്കാര്‍ സൈനികരുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ലെന്ന് എനിക്കറിയാം'-താക്കറെ വ്യക്തമാക്കി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രയോഗം മോദിക്കെതിരേ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് രാജ്യത്തെ പലവേദികളിലും രാഹുല്‍ ഗാന്ധി ഇതേപ്രയോഗത്തിലൂടെ മോദിയെ വിമര്‍ശിച്ചിരുന്നു. 

Content Highlights: udhav thakkare borrows rahul gandhi's slogan to attack pm