മുംബൈ: വേണ്ടിവന്നാല്‍ മുംബൈയിലെ ശിവസേന ആസ്ഥാനമന്ദിരം ഇടിച്ചുതകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല, കൃത്യമായ മറുപടിയുണ്ടാകും-താക്കറെ പറഞ്ഞു. 

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട് പറയാനുള്ളത് അത്തരമൊരു നീക്കത്തിന് മുതിരുമ്പോള്‍ തിരിച്ചടി കിട്ടാല്‍ അത് താങ്ങാന്‍ ബുദ്ധിമുട്ടാകുമെന്ന് മാത്രമേ പറയാനുള്ളൂ-ഉദ്ധവ് പറഞ്ഞു.

സഖ്യകക്ഷി സര്‍ക്കാരില്‍ അംഗങ്ങളായ എന്‍.സി.പിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ കൂടി സാന്നിധ്യത്തിലാണ് ഉദ്ദവ് താക്കറെ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ശിവസേന ആസ്ഥാനമന്ദിരം തകര്‍ക്കുമെന്ന പ്രസ്താവന നടത്തിയ ബി.ജെ.പി എം.എല്‍.എ  പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞു.

Content Highlights: Udhav Thackarey gives fitting reply to BJP