തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. ജില്ലകളില്‍ കളക്ടറേറ്റിനു മുന്നിലും ഉപരോധം സംഘടിപ്പിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് ഉപരോധം 11 മണിയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 

സംസ്ഥാനത്ത് പ്രളയാനന്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു എന്നും യുഡിഎഫ് ആരോപിക്കുന്നു. 

രാവിലെ ആറു മണിയോടെ സെക്രട്ടറിയേറ്റ് ഉപരോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നോര്‍ത്ത്, സൗത്ത്, വെസ്റ്റ് കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുണ്ട്. കന്റോണ്‍മെന്റ് ഗേറ്റിനെ ഉപരോധത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഗേറ്റിലൂടെ ഉദ്യേഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ പോലീസ് വിന്യാസമുണ്ട്. ഉച്ചവരെ സമരം തുടര്‍ന്നേക്കും. 

udf
യു.ഡി എഫ് പ്രവർത്തകരുടെ വയനാട് കലക്ട്രേറ്റ് ഉപരോധം ആരംഭിച്ചപ്പോൾ. ഫോട്ടോ: ജയേഷ് പി.

വിവിധ ജില്ലകളില്‍ കളക്ടറേറ്റിനു മുന്നില്‍ യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിക്കുന്നുണ്ട്. കൊല്ലത്ത് ആര്‍എസ്പി നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പത്തനം തിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം കളക്ടറേറ്റിനു മുന്നിലെ സമരം പുലര്‍ച്ചെ അഞ്ചു മുതല്‍ ആരംഭിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ 10 മണിക്ക് ഉപരോധം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കളക്ടറേറ്റില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നത്. 

Content Highlights: udf secretariat strike, Congress, Kerala Government