ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്ദേ | Photo : PTI
മുംബൈ: ഏക്‌നാഥ് ഷിന്ദേയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സുഭാഷ് ദേശായി ഹര്‍ജി ഫയല്‍ ചെയ്തത്.
16 വിമത എം.എല്‍.എ.മാരെ അയോഗ്യരാക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെ വിശ്വാസവോട്ടെടുപ്പ് നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കറെ വിഭാഗം കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ നിയമസഭ നടപടികളും വിശ്വാസവോട്ടെടുപ്പും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. ഹര്‍ജി ജൂലായ് 11-ന് പരിഗണിക്കും.
അയോഗ്യതാഭീഷണി നേരിടുന്ന 16 വിമത എം.എല്‍.എമാര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിയിലെ വാദം. എം.എല്‍.എ.മാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് നേരത്തെ നല്‍കിയ ഹര്‍ജിയും ജൂലായ് 11-ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
ജൂണ്‍ 30-നാണ് ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റത്. 288 അംഗ നിയമസഭയില്‍ 164 വോട്ടുകള്‍ നേടി വിശ്വാസവോട്ടെടുപ്പിലും ഷിന്ദേ സര്‍ക്കാര്‍ വിജയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..