മുംബൈ: കോവിഡ് കേസുകളുടെ വര്‍ധനവ് മൂലം മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കോവിഡ് ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുന്ന സാഹചര്യം അടക്കമുള്ള മുന്നില്‍കാണണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കിടക്കകളുടെ ലഭ്യത, റെംഡെസിവിറിന്റെ ഉപയോഗം, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ കേസുകള്‍ വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കാന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നിരവധി മന്ത്രിമാര്‍ ബഹുജന സമ്മേളനങ്ങളില്‍ പ്രചാരണം നടത്തിയെങ്കിലും അവിടെയൊന്നും കോവിഡ് കേസുകളില്‍ ഇത്രയധികം വര്‍ധനവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാക്കളുമായി ശനിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ 8-15 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. മുംബൈ നഗരം ഇതിനകം ഭാഗിക ലോക്ക്ഡൗണിലാണ്. നിരവധി സ്ഥാപനങ്ങള്‍ ഓഫീസുകളും അടച്ചു. പൊതു ഗതാഗതം മാത്രമാണ് നഗരത്തില്‍ അനുവദിച്ചിരിക്കുന്നത്.

Content Highlights: Uddhav Thackeray meets Covid Task Force to mull over lockdown as coronavirus cases rise