ഉദ്ധവ് താക്കറെ | Photo: PTI
മുംബൈ: അച്ഛന് ബാലാസാഹേബ് താക്കറെ വാര്‍ത്തെടുത്ത പാര്‍ട്ടിയായ ശിവസേന അന്യമായിപ്പോകുമോ എന്ന ചോദ്യമാണ് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നിലുള്ളത്. താക്കറെ കുടുംബമില്ലാത്ത ശിവസേന എന്നത് പത്തുദിവസംമുമ്പ് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, ഇന്ന് ബഹുഭൂരിപക്ഷം എം.എല്‍.എ.മാരും ഉദ്ധവിനെയും താക്കറെ കുടുംബത്തെയും വിട്ട് മറുഭാഗത്തേക്ക് പോയി. ഏറ്റവും അടുപ്പമുള്ളവരെന്ന് കരുതിയിരുന്ന മുംബൈയിലെ നേതാക്കള്‍പോലും മറുകണ്ടംചാടിയെങ്കിലും അണികള്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും താക്കറെ കുടുംബം.
പാര്‍ട്ടിയെയും അണികളെയും പഴയപോലെ ഒപ്പംനിര്‍ത്താന്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉദ്ധവിന് വലിയ പോരാട്ടംനടത്തേണ്ടിവരും. ആദ്യമായല്ല ശിവസേനയില്‍ പിളര്‍പ്പുണ്ടാകുന്നത്. എന്നാല്‍, വലിയ പ്രതിസന്ധിയില്‍ പാര്‍ട്ടി ഇത്രയേറെ ക്ഷീണിച്ചുപോകുന്നത് ഇതാദ്യമാണ്. 1991-ല്‍ ഛഗന്‍ ഭുജ്ബല്‍ കുറച്ച് എം.എല്‍.എ.മാരുമായി പാര്‍ട്ടി പിളര്‍ത്തി. തുടര്‍ന്ന് 2005-ല്‍ ശിവസേനാമുഖ്യമന്ത്രിവരെയായ നാരായണ്‍ റാണെയും ചില എം.എല്‍.എ.മാരുമായി പാര്‍ട്ടിവിട്ടു. തൊട്ടടുത്ത വര്‍ഷം താക്കറെ കുടുംബത്തില്‍നിന്നുള്ള രാജ് താക്കറെയും ശിവസേന വിട്ടു.
പക്ഷേ, ശിവസേനയെ അസ്ഥിരപ്പെടുത്താന്‍ ഇതിനൊന്നും കഴിഞ്ഞിരുന്നില്ല. ബാല്‍ താക്കറെയുടെ പ്രഭാവം പാര്‍ട്ടിയെ അപ്പോഴും നയിച്ചു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. നേതാക്കള്ക്കൊപ്പംതന്നെ നല്ലൊരു ശതമാനം അണികളും പ്രവര്‍ത്തകരും മറുകണ്ടം ചാടിയെന്ന തിരിച്ചറിവ് താക്കറെ കുടുംബത്തിനുണ്ട്. ഇവരെ തിരികെ പാളയത്തിലെത്തിക്കുക, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക എന്നതൊക്കെയായിരിക്കും ഉദ്ധവിന്റെയും മകന് ആദിത്യ താക്കറെയുടെയും പ്രധാന ലക്ഷ്യം.
വിമതനേതാവ് ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രിയായതോടെ അധികാരത്തോട് ഒട്ടിനില്‍ക്കുന്നവരെ തിരികെയെത്തിക്കുക എന്നത് എളുപ്പമാവില്ല. പുതിയ മുഖ്യമന്ത്രി ശിവസേനക്കാരനല്ലെന്ന് ഉദ്ധവ് വിളിച്ചുപറഞ്ഞത് ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ്. ശിവസേന എന്ന പേരും പാര്‍ട്ടിചിഹ്നവും നിലനിര്‍ത്താന്‍ ഉദ്ധവിനും കൂട്ടര്‍ക്കും കോടതിയിലും നീണ്ട യുദ്ധംചെയ്യേണ്ടിവരും. പാര്‍ട്ടിയും ചിഹ്നവും കൈവിട്ടുപോകുന്ന അവസ്ഥയുണ്ടായാല്‍ മണ്ണിന്റെ മക്കള്‍ എന്ന വികാരത്തിനുമേല്‍ പടുത്തുയര്‍ത്തിയ ശിവസേന എന്ന പാര്‍ട്ടി താക്കറെ കുടുംബത്തില്‍നിന്ന് അകലെയാകും.
പുതിയ സംഭവങ്ങള്‍ ഗ്രാമങ്ങളിലെ പ്രവര്‍ത്തകരെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. താക്കറെ കുടുംബവുമായുള്ള പാര്‍ട്ടിയുടെ ബന്ധംതന്നെയാണ് താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് പ്രധാനം. അടിത്തട്ടില്‍നിന്ന് വീണ്ടും പാര്‍ട്ടിയെ കെട്ടിപ്പടുക്കാനുള്ള നീക്കത്തിലും ഉദ്ധവ് പ്രധാനമായും മുന്നോട്ടുവെക്കുക പിതാവിന്റെ ജ്വലിക്കുന്ന ഓര്‍മകളായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..