ഉദ്ദവ് താക്കറെ|PTI
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ പരിഹസിച്ച് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രതിപക്ഷത്തോട് പ്രധാനമന്ത്രിയ്ക്ക് ചോദ്യങ്ങളുന്നയിക്കാമെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരം നല്‍കിക്കൂടാ എന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. മുംബൈയില്‍ നടന്ന മഹാ വികാസ് അഘാടി സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ബിരുദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ 25,000 രൂപ പിഴ ചുമത്തി. പുറത്തു പറയാന്‍ കഴിയാത്ത ഏതു ബിരുദമാണ് പ്രധാനമന്ത്രി നേടിയത്. മാത്രമല്ല ഏത് കോളേജിനാണ് പൂര്‍വവിദ്യാര്‍ഥി പ്രധാനമന്ത്രിയായാല്‍ അഭിമാനം തോന്നാത്തത്. പിന്നെ എന്തുകൊണ്ട് കോളേജധികൃതര്‍ വിവരം പുറത്തുവിടുന്നില്ല- താക്കറെ ചോദിച്ചു. താന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തപ്പോള്‍ തന്റെ കോളേജ് തന്നെ ആദരിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദശാംശങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവാണ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയത്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയ്ക്ക് നല്‍കിയ നിര്‍ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തിയിരുന്നു.
വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. 1978-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നാണ് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നത്. ഇക്കാര്യത്തില്‍ മറയ്ക്കാന്‍ ഒന്നുമില്ലെന്നും എന്നാല്‍, ബിരുദം സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമ്മീഷന് കഴിയില്ലെന്നുമായിരുന്നു സര്‍വ്വകലാശാലയുടെ വാദം.
Content Highlights: uddhav thackeray criticizes pm narendra modi over degree controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..