ഉദ്ധവ് താക്കറെ | Photo: PTI
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ സർക്കാർ. 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ മുമ്പിൽ നിൽക്കെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് മഹാവികാസ് അഘാഡി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മനു അഭിഷേക് സിങ്വി ശിവസേനയ്ക്ക് വേണ്ടി കേസ് അവതരിപ്പിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.
മഹാവികാസ് അഘാഡി സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ മഹാരാഷ്ട്രയിൽ ഉദ്ദവ് സർക്കാരിന്റെ കാലാവധി വീണ്ടും നീട്ടിക്കിട്ടും. എന്നാൽ ഇവ രണ്ടും രണ്ട് വിഷയമായി സുപ്രീം കോടതി പരിഗണിച്ചാൽ ഉദ്ദവ് താക്കറെ സർക്കാരിന് അത് തിരിച്ചടിയാകും. മഹാവികാസ് അഘാഡി സർക്കാരിൽ നിന്ന് ശിവസേന വിട്ടു നിൽക്കാതെ പിന്തുണ നൽകില്ലെന്ന് വിമത എംഎൽഎമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മാധ്യമങ്ങൾ വഴി ശിവസേനയിലെ 39 എംഎൽഎമാർ നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎൽഎമാരും ഇത്തരത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷൻ വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ദവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്ത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ കത്ത്.
അതേസമയം വിമത എംഎൽഎമാരെ കൂടെ ചേർത്ത് സർക്കാർ രൂപികരിക്കാനുള്ള ശ്രമങ്ങൾ ബിജെപി തകൃതിയിൽ തുടരുകയാണ്. തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്നവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്നവിസ് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ദവ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..