ഹൈദരാബാദ്: കാറില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തുവെന്ന് യാത്രക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മീ ടു ഹാഷ് ടാഗ് കാമ്പയിനില്‍ ഭാഗഭാക്കായി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യാപകമായി പങ്കുവെക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി സ്ത്രീയെത്തിയത്. 

'എന്നെ വിമാനത്താവളത്തിലിറക്കാന്‍ പോകും വഴി സ്വയംഭോഗം ചെയ്യുന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് എന്റെ ഊബര്‍ ടാക്‌സി ഡ്രൈവര്‍ കരുതിയിരിക്കണം' എന്ന് തുടങ്ങുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹൈദരാബാദില്‍ വെച്ചുണ്ടായ അനുഭവമാണ് യുവതി പങ്കുവെച്ചത്.

കുറ്റബോധത്തിന്റെ തരിമ്പു പോലുമില്ലാതെ തന്നെ ഡ്രൈവര്‍ നോക്കിയിരുന്നത് ഭയപ്പാടോടെയാണ് അവര്‍ ഓര്‍ക്കുന്നത്. അന്ന് അവര്‍ കാറില്‍ അനുഭവിച്ച നിസ്സഹായാവസ്ഥയും അരക്ഷിതത്വവും പോസ്റ്റില്‍ അവര്‍ വിവരിക്കുന്നുണ്ട്. പോസറ്റ് വാര്‍ത്തയായതോടെ വിശദീകരണവുമായി ഊബര്‍ രംഗത്തെത്തി.

ഊബര്‍ ആപ് ഉപയോഗിക്കുന്നതില്‍ നിന്ന് ഡ്രൈവറെ വിലക്കിയിട്ടുണ്ടെന്നും ഇത്തരം ആളുകള്‍ക്ക് തങ്ങളുടെ സ്ഥാപനത്തില്‍ സ്ഥാനമില്ലെന്നും ഊബര്‍ അധികൃതര്‍ അറിയിച്ചു.

'തനിക്ക് പരിചിതമല്ലാത്ത നഗരമായതിനാലാണ് ഊബര്‍ ടാക്‌സി വിളിച്ചത്. കാറില്‍ കയറി 50 കിമി യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടിയുടെ വേഗത കുറച്ച് ഡ്രൈവര്‍ കണ്ണാടിയിലൂടെ തന്നെ തുറിച്ചു നോക്കുകയായിരുന്നു. പിന്നീടാണ് കാര്യം മനസ്സിലായത്', യുവതി പറയുന്നു.

അഞ്ച് മിനുട്ടോളം ഇത് തുടര്‍ന്നപ്പോള്‍ യുവതി ഒച്ചവെച്ച് കാര്‍ നിര്‍ത്തിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം തീര്‍ത്തും അക്ഷോഭ്യനായാണ് ഇയാള്‍ പെരുമാറിയത്. കാര്‍ നിര്‍ത്തിയ ശേഷം റോഡില്‍ നിലയുറപ്പിച്ച ഇയാളുടെ ഫോട്ടോ യുവതി തന്റെ കാമറയില്‍ പകര്‍ത്തി. പോലീസില്‍ ഫോട്ടോയടക്കം പരാതി നല്‍കുമെന്ന് പറഞ്ഞ ശേഷമാണ് ഇയാള്‍ പിന്‍വാങ്ങിയത്.

'പരിചിതമല്ലാത്ത സ്ഥലത്ത് എത്തിപ്പെട്ട ആളായതു കൊണ്ട് തന്നെ ഞാന്‍ ഭയചകിതയായിരുന്നു'.  തന്റെ പ്രതിരോധത്തെതുടര്‍ന്ന് അയാള്‍ തന്നെ ആക്രമിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് മറ്റൊരു കാർ ബുക്ക് ചെയ്താണ് ഇവര്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നത്.

രണ്ട് മാസത്തെ സര്‍വീസുള്ള ടാക്‌സി ഡ്രൈവറുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ അകമ്പടിയോടെയായിരുന്നു ഫെയ്സ്ബുക്കിലെ യുവതിയുടെ തുറന്ന് പറച്ചില്‍.