Supreme Court | Photo - PTI
ന്യൂഡല്‍ഹി: നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമത്താന്‍ ആകില്ലെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കാമെന്ന യുഎപിഎ നിയമത്തിലെ 10(a)(i) വകുപ്പ് സുപ്രീം കോടതി ശരിവച്ചു. ഈ വകുപ്പ് ഭരണഘടനയുടെ 19 (1)(a), 19 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011 ലെ വിധിക്കെതിരെ കേന്ദ്രം നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. നിരോധിത സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമേ പ്രോസിക്യുഷന്‍ നടപടികള്‍ പാടുള്ളൂവെന്നും, അംഗത്വം ഉണ്ടെന്ന കാരണത്താല്‍ കേസ് എടുക്കാന്‍ കഴില്ലെന്നുമായിരുന്നു 2011 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നത്.
അമേരിക്കന്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ അന്ധമായി പിന്തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവുകള്‍ ഇറക്കരുതെന്ന് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും, അതിനാല്‍ അമേരിക്കന്‍ ഭരണഘടനയും, വിധികളും അടിസ്ഥാനമാക്കി മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവിറക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ഭീകര വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 2011 ല്‍ വിധി പ്രസ്താവിച്ചത്. ജാമ്യം ആവശ്യപ്പെട്ടും, ശിക്ഷയ്‌ക്കെതിരെയും നല്‍കിയ രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേട്ടിരുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ടാഡ നിയമത്തിലെ വകുപ്പും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.
Content Highlights: UAPA case Supreme Court Central Government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..