ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. സുന്നി വഖഫ് ബോര്‍ഡ് യോഗമാണ് ഹര്‍ജി ഫയല്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്തത്. അതേസമയം യോഗതീരുമാനത്തിനെതിരെ ഒരു ബോര്‍ഡംഗം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുമില്ല.
അയോധ്യ- ബാബറി തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് പ്രധാന കക്ഷിയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെതിരെ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫറൂഖി രംഗത്ത് വന്നിരുന്നു. എന്നാല്‍ മറ്റ് ബോര്‍ഡംഗങ്ങള്‍ ചെയര്‍മാന്റെ നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
വിഷയത്തില്‍ ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടതില്ലെന്ന് ഭൂരിപക്ഷ തീരുമാനമുണ്ടായത്. അതേസമയം അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതി വിധിക്കെതിരെ പുനഃുപരിശോധനാ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തര്‍ക്ക സ്ഥലത്തിന് പകരമായി അയോധ്യയില്‍ പള്ളി നല്‍കുന്ന ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.
Content Highlights: U.P Sunni Waqf Board decides not to review Ayodhya verdict