ചെന്നൈ: തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുഴല്‍ക്കിണറില്‍ വീണ് 48 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലംകണ്ടില്ല. നിലവില്‍ കുഴല്‍ക്കിണറിന് സമീപത്തായി കൂടുതല്‍ വ്യാസമുള്ള മറ്റൊരു കുഴി നിര്‍മിച്ച് അതിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം.
അതേസമയം, പാറ നിറഞ്ഞ പ്രദേശമായതിനാല്‍ അത്യാധുനിക ഡ്രില്ലിങ് റിഗ് ഉപയോഗിച്ചിട്ടും പുതിയ കുഴിയെടുക്കല്‍ ഏറെ ദുര്‍ഘടമാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ കുഴിയെടുക്കാന്‍ തുടങ്ങിയിട്ടും ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ മുപ്പതടിയോളം താഴ്ചയില്‍ മാത്രമേ കുഴിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിയ്ക്കാന്‍ കഴിയുന്നതെന്നും കട്ടിയേറിയ പാറ കുഴിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ഇവര്‍ പറയുന്നു. ഇതിനിടെ ശക്തമായ പാറക്കല്ലുകള്‍ കാരണം ഒരു ഡ്രില്ലിങ് മെഷീന്‍ തകരാറിലാവുകയും ചെയ്തു.
നിലവില്‍ നൂറടി താഴ്ചയിലുള്ള കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോകാതിരിക്കാനാണ് വളരെ പതുക്കെ കുഴിയെടുക്കുന്നതെന്നായിരുന്നു മന്ത്രി വിജയഭാസ്‌കറിന്റെ പ്രതികരണം. സമാന്തരമായി കുഴിയെടുക്കുമ്പോള്‍ അത് കുട്ടിയെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ചെറിയ വിറയലുകള്‍പോലും കുട്ടിയെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുമെന്നും അതിനാലാണ് കുഴിയെടുക്കുന്നത് വൈകുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Tamil Nadu: Operation still underway to rescue the 2-year-old Sujith Wilson who fell into a 25-feet deep borewell in Nadukattupatti, Tiruchirappalli district on 25th October. Yesterday, the boy fell further down the borewell, currently stuck at 100 feet. pic.twitter.com/N2pALUo7d0
— ANI (@ANI) October 27, 2019
ഒരു മീറ്റര്‍ വ്യാസമുള്ള കുഴിയാണ് സമാന്തരമായി നിര്‍മിക്കുന്നത്. ഇതിലൂടെ ഇറങ്ങി കുട്ടി കുടുങ്ങിയിരിക്കുന്ന ചെറിയ കുഴിയിലേയ്ക്ക് തിരശ്ചീനമായി പാതയുണ്ടാക്കി, അതിലൂടെ കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. കണ്ണദാസന്‍, ദിലീപ് കുമാര്‍, മണികണ്ഠന്‍ എന്നീ അഗ്നിശമന സേനാംഗങ്ങള്‍ കുട്ടിയെ രക്ഷിക്കാനായി കുഴിയില്‍ ഇറങ്ങാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.
കുഴല്‍ക്കിണറില്‍ കുടുങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി വിജയഭാസ്‌കര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രി അണ്ണാ സര്‍വകലാശാല സംഘം കുട്ടിയുടെ ശരീര താപനില പരിശോധിച്ചിരുന്നു. കുഴിയിലേയ്ക്ക് കുഴല്‍ വഴി ഓക്സിജന്‍ എത്തിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുവയസ്സുകാരനായ സുജിത്ത് വില്‍സണ്‍ കളിക്കുന്നതിനിടെ ഉപയോഗശൂന്യമായികിടന്നിരുന്ന കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. കുഴല്‍ക്കിണറിന് അടുത്തായി ആദ്യം കുഴിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കൂടുതല്‍ താഴേക്ക് പോയത്. ഇതിനിടെ പാറകള്‍ ഉള്ളതിനാല്‍ ആദ്യത്തെ കുഴിയെടുക്കല്‍ നിര്‍ത്തി. കയര്‍ ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള നീക്കങ്ങളും വിജയിച്ചില്ല.
ശനിയാഴ്ച രാത്രിയോടെയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയത്. തുടര്‍ന്ന് വിദഗ്ധസംഘങ്ങള്‍ അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. ഒ.എന്‍.ജി.സി, എല്‍ ആന്‍ഡ് ടി, നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരും ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
മന്ത്രിമാരായ വിജയഭാസ്‌കര്‍, വി.നടരാജന്‍,എസ്.വലര്‍മതി, സംസ്ഥാന പോലീസ്, അഗ്നിരക്ഷാസേന മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Content Highlights: two year old sujith trapped in borewell; rescue operation still going on in tiruchirappalli