മുംബൈ: മാഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും ഒരു കോണ്‍സ്റ്റബിളിനുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന 'വര്‍ഷ'യില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇരുവരും.

അതേസമയം, ഇവര്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ താക്കറെയുടെ വസതിയില്‍ ജോലിക്കുണ്ടായിരുന്നില്ല. ഞായറാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇരുവരെയും ആശുപത്രിയിലാക്കി. ഇവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി വരികയാണെന്ന് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന ആറ് പേരെ നിലവില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ബാന്ദ്രയിലെ വസതിയിലാണ് താമസം. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ വര്‍ഷയിലെത്താറുള്ളൂ.  പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ചികിത്സയ്ക്കായി പോലീസ് ക്ഷേമ ഫണ്ടില്‍ നിന്ന് മുന്‍കൂറായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 37 പോലീസുകാര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. ഇതുവരെ 251 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. അതേസമയം, 722 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

content highlights: Two women cops of Maharashtra CM's official residence test Covid positive