ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ഷോപ്പിയാനിലെ പാര്‍ഗുച്ചി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഗന്ധര്‍ബാല്‍ സ്വദേശിയും എം.ടെക്ക് വിദ്യാര്‍ഥിയുമായ റാഹില്‍ റാഷിദ് ഷെയ്ഖും ഷോപ്പിയാന്‍ സ്വദേശി ബിലാല്‍ അഹമ്മദുമാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

എം.ടെക്ക് വിദ്യാര്‍ഥിയായ റാഹില്‍ റാഷിദ് ഷെയ്ഖ് മൂന്നുദിവസം മുമ്പാണ് ഭീകരവാദസംഘടനക്കൊപ്പം ചേര്‍ന്നതെന്നാണ് വിവരം. പാര്‍ഗുച്ചിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭീകരര്‍ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയും ഭീകരരെ വധിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക ദൗത്യസംഘവും രാഷ്ട്രീയ റൈഫിള്‍സും ദൗത്യത്തില്‍ പങ്കെടുത്തു. 

അതിനിടെ, 2017-ല്‍ പുല്‍വാമയിലെ സി.ആര്‍.പി.എഫ്. ക്യാമ്പ് ആക്രമിച്ച കേസില്‍ ഒരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. രത്‌നിപോറ സ്വദേശിയും ജെയ്‌ഷെ ഭീകരനുമായ സയീദ് ഹിലാല്‍ അന്ദ്രാബിയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇതോടെ സി.ആര്‍.പി.എഫ്. ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. 

2017 ഡിസംബര്‍ 30-നാണ് പുല്‍വാമയിലെ സി.ആര്‍.പി.എഫ്. ക്യാമ്പിനുനേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ മൂന്ന് ഭീകരവാദികളെ സി.ആര്‍.പി.എഫ് വധിച്ചിരുന്നു. 

Content Highlights: two terrorists killed in an encounter in jammu kashmir