ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിലെ രണ്ട് ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചു. വ്യോമയാന മന്ത്രി അശോക് ഗജപതി റാവു,  വൈ എസ് ചൗധരി എന്നിവരാണ് രാജി വച്ചത്. 

ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി. നായിഡു-മോദി കൂടിക്കാഴ്ചക്ക് ശേഷം, വൈകിട്ട് ആറുമണിക്ക് രണ്ട് ടി.ഡി.പി മന്ത്രിമാരും പ്രധാനമന്ത്രിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും പാക്കേജും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി ഡി പി കലാപക്കൊടി ഉയര്‍ത്തിയിരുന്നു. എന്‍ ഡി എ സഖ്യത്തില്‍നിന്ന് പുറത്തു പോകുമെന്നും രണ്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രി സഭയില്‍നിന്ന് രാജിവയ്ക്കുമെന്നും ടി ഡി പി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം തന്നെ സൂചനയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച നടന്നത്.എന്നാല്‍ ചര്‍ച്ചകള്‍ ഫലവത്തായില്ലെന്ന സൂചനയാണ് മന്ത്രിമാരുടെ രാജി നല്‍കുന്നത്. 

content highlights: two tdp ministers resigned from central ministry