ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും ക്വാറന്റീന്‍ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സ്രവപരിശോധനാഫലം വരാന്‍ 48 മണിക്കൂര്‍ എടുത്തേക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. 

നവംബര്‍ ഒന്നിനും 26-നും ഇടയില്‍ 94 പേരാണ് ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയത്. ഇതില്‍ രണ്ടുപേരാണ് പതിവ് കോവിഡ് 19 പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുള്ളത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.- ബെംഗളൂരു റൂറല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ശ്രീനിവാസ് പറഞ്ഞു. 

content highlights: two south african nationals in bengaluru tested positive for covid